പയ്യോളി: കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി. ഇത് മൂലം ദേശീയപാതയിലൂടെ പോവുന്ന വാഹനങ്ങള്‍ക്ക് ഭീഷണിവുന്നതായി പരാതി ഉയര്‍ന്നു. പയ്യോളി ടൌണിന്റെ വടക്ക് ഭാഗത്തായുള്ള പഴയ കെട്ടിടമാണ് പൊളിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടാവസ്ഥയിലായത്. ജെസിബി ഉപയോഗിച്ച് പുറകിലേക്ക് കെട്ടിടം വലിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മൂന്നാം നിലയിലെ ഭാഗം താഴേക്കു പതിച്ചതോടെയാണ് അപകടാവസ്ഥ ഉണ്ടായത്.
കെട്ടിടഭാഗങ്ങള്‍ ദേശീയപാതയിലൂടെ പോവുന്ന വാഹനങ്ങളിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ പൊളിക്കുന്നത് പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ദേശീയപാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ച ശേഷം പെട്ടെന്ന് പൊളിച്ച് നീക്കുന്ന ജോലി പൂര്‍ത്തിയാക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.