പയ്യോളി : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുത്താൻ പ്രദർശന മേള നടത്തി. ജില്ലാ ശുചിത്വ മിഷന്റെയും പയ്യോളി നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് അനുയോജ്യമായ ഉപാധികൾ സ്ഥാപിക്കേണ്ടത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർബ്ബന്ധമാണ്.
പയ്യോളി ബീച്ച് റോഡിൽ വെച്ച് ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെയായിരുന്നു പ്രദർശനം. ശുചിത്വ മിഷൻ സർവ്വീസ് പ്രൊവൈഡറുകളായ സ്ഥാപനങ്ങൾ അവരുടെ ഉറവിട മാലിന്യ സംസ്കരണ ഉല്പന്നങ്ങൾ പ്രാർശിപ്പിച്ചു. നിരവധി ആളുകൾ പ്രദർശനം കാണാനെത്തി. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പ്രദർശന മേള ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസ് , കൗൺസിലർമാരായ ഗോപാലൻ കാര്യാട്ട്, സി.കെ ഷഹ് നാസ് , ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ ടി.ചന്ദ്രൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിന്ദുമോൾ നന്ദിയും പറഞ്ഞു.