പയ്യോളി: ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍. വടകര-പയ്യോളി – പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഒരുസംഘം ആളുകള്‍ വന്ന് ബസ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.
ആരോമല്‍ എന്ന ബസ്സിലെ ഡ്രൈവറും ആവിക്കല്‍ സ്വദേശിയുമായ രൂപേഷിനും കണ്ടക്ടറായ രാജേഷിനും പരിക്കേറ്റു. രൂപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര – പയ്യോളി – പേരാമ്പ്ര റൂട്ടിലും വടകര – തോടന്നൂര്‍ – ചാനിയം കടവ് വഴിയും ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ഇന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ ഏറെ വലഞ്ഞത്. ജോലിക്കാരും വിദ്യാര്‍ത്ഥികളും മുന്‍കൂട്ടി അറിയിക്കാതെയുള്ള സമരത്തില്‍ ഏറെ പ്രയാസമനുഭവച്ചു. പലരം സമയം കണക്കാക്കി ബസ് സ്റ്റോപ്പില്‍ എത്തിയശേഷമാണ് പണിമുടക്കിന് കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവര്‍ പലരും ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയായിരുന്നു.