പയ്യോളി: തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച സ്വര്‍ണ്ണാഭരണം ബസ് ജീവനക്കാരുടെയും സഹയാത്രികയുടെയും നല്ല മനസ്സിനാല്‍ ലഭിച്ച സന്തോഷത്തിലാണ് തിക്കോടി സ്വദേശി ‘നിര്മാല്യത്തി’ല്‍ പ്രിയ. കഴിഞ്ഞ ദിവസം പയ്യോളി എസ്എന്‍ബിഎം യുപി സ്കൂളില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി ഒന്‍പത് മണിയോടെയാണ് കയ്യിലണിഞ്ഞ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ട കാര്യം പ്രിയ ശ്രദ്ധിക്കുന്നത്. എവിടെ വെച്ചാണ് നഷ്ടപ്പെട്ടത് എന്നു പോലും മനസ്സിലായിരുന്നില്ല. പലരെയും വിളിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു. കൃത്യമായ സ്ഥലം അറിയാത്തത്തിനാല്‍ സ്കൂളിന്റെയ്മ് വീടിന്റെയും ഇടയില്‍ എന്ന് മാത്രമാണ് കുറിപ്പില്‍ സൂചിപ്പിക്കാന്‍ സാധിച്ചുള്ളൂ.
പിറ്റേ ദിവസം രാവിലെ സ്കൂളില്‍ പോവുന്ന വഴി പയ്യോളി ബസ് സ്റ്റാണ്ടിലെത്തി ബസ് മാനേജര്‍മരായ കെ.രമേശനോടും രൂപേഷ് കൃഷ്ണയോടും വിവരം പറഞ്ഞു. പക്ഷേ യാത്ര ചെയ്ത ബസ് ഏതാണെന്ന് പോലും പറയാന്‍ സാധിച്ചില്ല. രമേശനും രൂപേഷ് കൃഷ്ണയും ഇവര്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള സമയത്തെ ബസ്സിനായി അന്വേഷണം തുടങ്ങി. ഒടുവില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ ബ്രേസ്ലേറ്റ് ‘പോപ്പി’ ബസില്‍ നിന്ന് ലഭിച്ച കാര്യം കണ്ടക്ടര്‍ തിരുവള്ളൂര്‍ സ്വദേശി വിജേഷ് ബസ് മാനേജര്‍മാരെ അറിയിക്കുകയായിരുന്നു. യുവതി തിക്കോടിയില്‍ ബസ് ഇറങ്ങിപ്പോയ ശേഷം തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്ന പാലിയേറ്റേവ് പ്രവര്‍ത്തകയായിരുന്ന പയ്യോളി അങ്ങാടിയിലെ റൈഹാനത്ത് എന്ന യുവതിയാണ് സ്വര്‍ണ്ണം ഏല്‍പ്പിച്ചതെന്ന് കണ്ടക്ടര്‍ വിജേഷ് പറഞ്ഞു. പയ്യോളി പോലീസ് സ്റ്റേഷനില്‍ സിഐ എ.കെ. സജീഷിന്റെ സാന്നിധ്യത്തില്‍ ബസ് ജീവനക്കാര്‍ സ്വര്‍ണ്ണം യാത്രക്കാരിയായ പ്രിയക്ക് കൈമാറി.