പയ്യോളി: ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി പയ്യോളിയില്‍ നിര്‍മ്മിക്കുന്ന ഉയരപ്പാതയ്ക്കുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജംങ്ഷനില്‍ ആറ് ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി വൈകി ആളൊഴിഞ്ഞ സമയത്താണ് നിര്‍മ്മാണജോലി നടക്കുന്നത്. അയനിക്കാട് ഭാഗത്തായി നേരത്തെ നിര്‍മ്മിച്ച ഗര്‍ഡറുകള്‍ യന്ത്രസഹായത്തോടെ ടൌണിലെത്തിച്ച് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിക്കുന്നത്. നേരത്തെ ഉയരപ്പാതയിലെ വടക്ക് ഭാഗത്തെ 20 മീറ്റര്‍ നീളത്തിലുള്ള ഗര്‍ഡറുകള്‍ കഴിഞ്ഞ ആഴ്ച സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ 30 മീറ്റര്‍ നീളമുള്ള ഗര്‍ഡറുകളാണ് ജംങ്ഷനില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പയ്യോളി ടൌണ്‍ ജംക്ഷനിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞിട്ടുണ്ട്.

ഉയരപ്പാതക്കായി ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പയ്യോളി ജംങ്ഷൻ അടച്ച നിലയില്‍
ജംങ്ഷൻ അടക്കുന്നത് സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാത്തതിനെ തുടര്‍ന്നു ഇപ്പോള്‍ ടൌണിലെത്തുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവുന്നുണ്ട്. വടകര ഭാഗത്ത് നിന്ന് പേരാമ്പ്രയിലേക്ക് പോവുന്ന ബസ്സുകള്‍ ബസ്സ്റ്റാണ്ടിലെത്തിയ ശേഷം വീണ്ടും വടകര റൂട്ടില്‍ റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്തായി തല്‍ക്കാലികമായി നിര്‍മ്മിച്ച വഴിയിലൂടെ കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലൂടെ പ്രവേശിച്ച് ടൌണിലൂടെ പേരാമ്പ്ര ഭാഗത്തേക്കാണ് പോവേണ്ടത്. അത് പോലെ ബീച്ച് റോഡിലൂടെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ പേരാമ്പ്ര റോഡിലേക്ക് പോവുന്നതിനായി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്തേക്ക് കൂടി പോവേണ്ടതിന് പകരം ഇപ്പോള്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റ്റെ തെക്ക് ഭാഗത്തായി കാല്‍നട യാതക്കാര്‍ക്ക് പോവാനായുള്ള വഴിയിലൂടെ പോവുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് സംബന്ധമായി ബീച്ച് റോഡില്‍ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതും ടൌണിലെ സ്ഥിരം കാഴ്ചയായിട്ടുണ്ട്.
ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നേരെത്തെ ബസ്സ്റ്റാണ്ടിന് വടക്ക് ഭാഗത്തായി കാല്‍നട യാത്രക്കാരുടെ സുരക്ഷക്കായി സ്ഥാപിച്ച ബാരിക്കേഡുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇവ എടുത്ത് മാറ്റിയത് മൂലം ബസ് കാത്ത് നില്‍ക്കുന്നവരുടെ ഇടയിലേക്ക് മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍ ഇടിച്ചു കയറുന്നത് അപകടത്തിന് സാധ്യതയാവുന്നുണ്ട്.