പയ്യോളി: ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി പയ്യോളി ടൌണിലെ ഉയരപ്പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ടൌണിന് വടക്ക് ഭാഗത്ത് നിര്‍മ്മിച്ച രണ്ട് തൂണുകളുടെ മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആറ് ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ടൌണിലെ തിരക്ക് കാരണം രാത്രി പത്ത് മണി കഴിഞ്ഞ ശേഷമാണ് പ്രവര്‍ത്തി തുടങ്ങുന്നത്. രണ്ട് കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്.

പയ്യോളിയില്‍ ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നു
അതേ സമയം ടൌണിന് തെക്ക് ഭാഗത്തെ തൂണുകളുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു തൂണിന്റെ ഫൌണ്ടേഷന് പ്രവര്‍ത്തി കഴിഞ്ഞ ദിവസം തുടങ്ങിയിട്ടേയുള്ളൂ. അതേ സമയം ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവേ പാര്‍ക്കിങ് സൌകര്യം കുറഞ്ഞ ടൌണില്‍ ഈ സ്ഥലം കൂടി നഷ്ടപ്പെട്ടത് വാഹന ഉടമകളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.