പയ്യന്നൂരിലേത് പാർട്ടി നേതൃത്വത്തിന് എതിരായ വിധി; നേതൃത്വത്തെ തിരുത്താൻ അണികൾ തയ്യാറായെന്ന് വി കുഞ്ഞികൃഷ്ണൻ

news image
May 5, 2026, 5:53 am GMT+0000 payyolionline.in

കണ്ണൂർ: സിപിഐഎം പാർട്ടി നേതൃത്വത്തിനെതിരായ വിധിയാണ് പയ്യന്നൂരിലേതെന്ന് വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർ ഭൂരിപക്ഷവും താൻ പറഞ്ഞത് അംഗീകരിച്ചെന്നും നേതൃത്വത്തെ തിരുത്താൻ അണികൾ സന്നദ്ധരായെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഐഎം വോട്ടുകൾ നല്ല നിലയിൽ ലഭിച്ചെന്നും ഒന്നാം റൗണ്ടിൽ തന്നെ ട്രെൻഡ് മനസിലാക്കാൻ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്റെ പരാമർശം അദ്ദേഹത്തിന്റെ സ്ഥിരം ശൈലി എന്നതിനപ്പുറം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ രൂപമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും സംസ്ഥാന തലത്തിൽ അതുസംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. പലരും ബന്ധപ്പെടുന്നുണ്ട്. ആദ്യം പയ്യന്നൂരിൽ അത്തരമൊരു കൂട്ടായ്മ വളർത്തിയെടുക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്റെ പിന്തുണയും ഇടതുപക്ഷത്ത് താൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പിന്തുണയും കൂടിച്ചേർന്നതോടെയാണ് വിജയിച്ചതെന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിൽ പ്രധാന ഇടതുകോട്ടകളെല്ലാം തകർന്നടിയുകയായിരുന്നു. ചരിത്രത്തിൽ ഇതുവരെ സിപിഐഎം പരാജയം കണ്ടിട്ടില്ലാത്ത പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ വിജയിച്ചു. സിപിഐഎം സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കുഞ്ഞികൃഷ്ണന്റെ ജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ടി ഐ മധുസൂദനനായിരുന്നു ലീഡ്. എന്നാൽ റൗണ്ടുകൾ പുരോഗമിക്കവെ മധുസൂദനന്റെ ലീഡ് കുറയുകയും എട്ടാം റൗണ്ട് മുതൽ കുഞ്ഞികൃഷ്ണൻ ലീഡെടുക്കുകയുമായിരുന്നു. 14 റൗണ്ടും എണ്ണിക്കഴിയുമ്പോഴേക്കും കൃത്യമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഐഎമ്മിന് വിനയായത്. മധുസൂദനനെ മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചതോടെയാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe