കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവംബർ 22, 23 തീയതികളിൽ പന്തീരായിരത്തി എട്ട് (12008) തേങ്ങയേറും പാട്ടും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ ആദ്യമായാണ് തേങ്ങയേറുംപാട്ടും നടത്തുന്നത്. പരിപാടിയുടെ കാർമികത്വം കാരു കുറമഠം രാമചന്ദ്രൻ നായർ നിർവഹിക്കും.
ചടങ്ങുകളുടെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക് സമർപ്പിക്കുന്ന കളം മെഴുത്തുംപാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പ് നേതൃത്വം നൽകും. സംഗീത വാദ്യം കലാമണ്ഡലം അരുൺ കൃഷ്ണൻ മാരാർ നിർവഹിക്കും.
വിശേഷമായ ആഘോഷങ്ങൾക്കായി മഹാഗണപതി ഹോമവും, ഭുവനേശ്വരി ദേവിയ്ക്ക് ദ്രവ്യ കലശാഭിഷേകവും, വിശേഷാൽ പൂജകളും നടത്തപ്പെടും. ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ പറവൂർ രാഗേഷ് തന്ത്രിയും മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയും കാർമികത്വം വഹിക്കും.
തേങ്ങയേറിലേക്കുള്ള വഴിപാടായി നാളികേരം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 18-നകം നാളികേരം എത്തിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.