പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിനുണ്ട് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ: പഠനം നടത്തി പുരാവസ്തു വകുപ്പ്

news image
Aug 3, 2025, 2:37 pm GMT+0000 payyolionline.in

കോഴിക്കോട്: പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി. പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ കൃത്യമായി ഡോ. എം.ജി.എസ്. തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാസ്കരരവിവർമ്മന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞു പോയതിനാൽ രാജാവിന്റെ പേര് അദ്ദേഹത്തിന് വ്യക്തമായിരുന്നില്ല. ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണ വർഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിക്കുകയാണ് ഉണ്ടായത്.

കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ലിഖിതങ്ങളാണ് കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വകുപ്പിലെ ഗവേഷണ സംഘം വീണ്ടും പരിശോധിച്ചത്. കോതരവിപ്പെരുമാളിന്റേതെന്ന് എം. ജി. എസ്. നാരായണൻ സംശയിച്ച രേഖ കോതരവിയുടേതു തന്നെയാണെന്നും രാജാവിന്റെ 27-ാം ഭരണ വർഷത്തിലേതാണെന്നും (പൊതുവർഷം 910) പരിശോധനയിൽ വ്യക്തമായി. ഈ പരിശോധനയിലൂടെ പന്നിയങ്കരയിലെ ഏറ്റവും പഴയ രേഖ ഇതാണെന്നും സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്.

“മൂന്നു വ്യത്യസ്ത ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങൾ തൃശ്ശൂർ ജില്ലയിലെ നെടുമ്പുറം തളി, തൃക്കാക്കര എന്നീ ചുരുക്കം ചില ക്ഷേത്രങ്ങളിൽ നിന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. അതുകൊണ്ടു തന്നെ പന്നിയങ്കരയ്ക്കും ഈ പെരുമ അവകാശപ്പെടാവുന്നതാണ് ” എന്ന് കെ. കൃഷ്ണരാജ് പറഞ്ഞു. കോഴിക്കോട് സർവ്വകലാശാലാ ചരിത്ര വിഭാഗം മേധാവി ഡോ. മന്മഥൻ എം. ആർ., പ്രൊഫസർമാരായ ഡോ. കെ.എസ്. മാധവൻ, ഡോ. വി.വി. ഹരിദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചരിത്ര വിദ്യാർത്ഥികൾക്ക് ലിഖിതം പകർത്തുന്നതിൽ പ്രായോഗിക പരിശീലനവും നൽകി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ. യു. സുനിൽ കുമാറും ക്ഷേത്രഭാരവാഹികളും പഠനത്തിനു വേണ്ട സഹായങ്ങൾ ചെയ്യുകയുണ്ടായി.
ലിഖിത പഠനത്തിന്റെ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിനും ലിഖിതപഠനം എന്ന പുരാതത്ത്വശാസ്ത്രശാഖയെ ചരിത്രപഠനത്തിന് വിപുലമായി ഉപയോഗപ്പെടുത്തുന്നതിന് പഠിതാക്കളെ സഹായിക്കുന്നതിനുമുളള ശ്രമമാണ് പുരാവസ്തു വകുപ്പ് നടത്തുന്നത് എന്നും സമീപകാലത്ത് വകുപ്പു കണ്ടെത്തിയ എല്ലാ ലിഖിതങ്ങളുടെയും രേഖാപാഠങ്ങളും വ്യാഖ്യാനവും പ്രസിദ്ധീകരിച്ച് ഗവേഷകർക്കും ചരിത്രപഠിതാക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. ഇ. ദിനേശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe