മലപ്പുറം: നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. അനന്തു വിജയ് (15) എന്ന കുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷോക്കേറ്റ് പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെ അഞ്ച് ആൺകുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽനിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. സ്ഥലത്ത് വന്യജീവിശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            