പന്തീരാങ്കാവ് പീഡനം: മകളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി; തിരച്ചിൽ തുടങ്ങി

news image
Jun 10, 2024, 3:30 pm GMT+0000 payyolionline.in

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ മര്‍ദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് തിരുവനന്തപുരം കഴക്കൂട്ടം പോലീസിന് കൈമാറും. പെൺകുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാലാണ് ഇത്.

തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ അവിടെ എത്തിയില്ലെന്നാണ് ഇന്ന് അച്ഛൻ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് യുവതി യൂട്യൂബിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയായിരുന്നു അച്ഛൻ പരാതിയുമായി എത്തിയത്. മകളെ ഫോണിലും കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകളെ ഭര്‍ത്താവ് രാഹുൽ മര്‍ദ്ദിച്ചെന്നും അതിന് തെളിവുണ്ടെന്നും പറഞ്ഞ അച്ഛൻ ബെൽറ്റ് കൊണ്ട് അടിച്ച കാര്യം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. ഫോറൻസിക് തെളിവുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു.

എന്നാൽ കേസിൽ പൊലീസിനെ കുഴക്കുന്ന നിലയിലാണ് യുവതി ഇന്ന് ആരോപണങ്ങളെല്ലാം തള്ളി രംഗത്ത് വന്നത്. ഇൻസ്റ്റഗ്രാമിൽ മറ്റൊരാൾ അയച്ച മെസേജും തുടരെ വന്ന ഫോൺ കോളുകളും കണ്ട് രോഷാകുലനായി രാഹുൽ മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തിയ യുവതി, തെറ്റ് തന്റെ ഭാഗത്താണെന്നും പറഞ്ഞിരുന്നു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലാണ് താൻ ആരോപണങ്ങൾക്ക് കൂട്ടുനിന്നതെന്നും എന്നാൽ സ്ത്രീധന പീഡനമടക്കം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. രാഹുൽ രണ്ട് തവണ മര്‍ദ്ദിച്ചെന്ന് പറഞ്ഞ യുവതി പിന്നാലെ താൻ ശുചിമുറിയിലേക്ക് കരഞ്ഞുകൊണ്ട് പോയെന്നും അവിടെ വീണാണ് തലയ്ക്ക് മുറിവേറ്റതെന്നും പറഞ്ഞു. അന്ന് രാത്രി തന്നെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പ്രശ്നങ്ങൾ തങ്ങൾ പറഞ്ഞുതീര്‍ത്ത് ജീവിതം പുതിയ നിലയിൽ ആരംഭിക്കാനിരിക്കെ വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം വഷളാക്കിയെന്നാണ് യുവതിയുടെ ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe