വടക്കഞ്ചേരി (പാലക്കാട്): കുടുംബാരോഗ്യ കേന്ദ്രത്തിൽ വയോധികയുടെ കയ്യിലെ ഡ്രിപ് സൂചി അഴിച്ചുമാറ്റിയതു ശുചീകരണ ജീവനക്കാരൻ. മുറിവു പറ്റി ചോര ഒഴുകിയതോടെ ഡോക്ടർ ഇടപെട്ടു 2 സ്റ്റിച്ചിട്ടു രോഗിയെ പറഞ്ഞയച്ചു. രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
പനി ബാധിച്ചു വടക്കഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ കിഴക്കഞ്ചേരി നായർകുന്ന് സ്വദേശി കല്യാണിക്കാണ് (78) ദുരനുഭവമുണ്ടായത്. പനി കൂടിയതിനാൽ ഡ്രിപ്പ് ഇട്ടു കിടത്തിയിരുന്നു. ഡ്രിപ് തീർന്ന ശേഷം സൂചി അഴിച്ചുമാറ്റാൻ കൂടെയുണ്ടായിരുന്ന സഹായി നഴ്സിന്റെ സഹായം തേടി.
എന്നാൽ, നഴ്സ് വരുന്നതിനു മുൻപു ശുചീകരണ വിഭാഗത്തിലെ ജീവനക്കാരനെത്തി രോഗിയുടെ സമ്മതമില്ലാതെ സൂചി മാറ്റാൻ ശ്രമിച്ചു. സൂചി ഇളകാതിരിക്കാൻ ഒട്ടിച്ചിരുന്ന ടേപ്പ് ശക്തമായി പിടിച്ചു വലിച്ചെങ്കിലും ഇളകിയില്ല. തുടർന്നു കത്രിക ഉപയോഗിച്ചു മുറിച്ചപ്പോൾ കൈ മുറിഞ്ഞു ചോരയൊഴുകി.
ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നു കല്യാണിയുടെ കുടുംബം പറഞ്ഞു. ശുചീകരണ ജീവനക്കാരനാണു ചെയ്തതെന്നു പരിശോധനയിൽ തെളിഞ്ഞതായും ഡിഎംഒ ആവശ്യപ്പെടുന്ന മുറയ്ക്കു റിപ്പോർട്ട് നൽകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.