ഏതാണ് ജീവിതത്തിലെ ശരിയായ കരിയര്‍ വഴിത്തിരിവ്? പത്താം ക്ലാസ് ആണ് ജീവിതത്തിലെ പ്രധാന വഴിത്തിരിവ് എന്നാണു എസ്.എസ്.എൽ.സിക്കാരോട് പറയുക. എന്നാൽ, പ്ലസ് ടു എഴുതിയിരിക്കുമ്പോള്‍ അതാണ് പ്രധാന വഴിത്തിരിവ് എന്നായി. പിന്നെ ദാ ഡിഗ്രി പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നു ഡിഗ്രിയാണ് യഥാര്‍ഥ വഴിത്തിരിവ് എന്ന്. യഥാർഥത്തില്‍ ഏതാണ് പ്രധാന വഴിത്തിരിവ്?
സത്യത്തില്‍ പത്താം തരം കഴിഞ്ഞതിനു ശേഷമുള്ള കോഴ്സും സ്ട്രീമും തെരഞ്ഞെടുക്കുന്നിടത്താണ് യഥാര്‍ഥ വഴിത്തിരിവ്. പത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകളെ മൂന്നു തലങ്ങളില്‍ വ്യവസ്ഥപ്പെടുത്താം.
- ഹയര്‍ സെക്കൻഡറി കോഴ്സുകള്‍
- ടെക്നിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍
- സർട്ടിഫിക്കറ്റ് കോഴ്സുകള്‍.
ആദ്യത്തെ മേഖലയുടെ പ്രത്യേകത, ഉപരിപഠന സാധ്യതകള്‍ അനന്തമായി തുറന്നു തരുന്നു എന്നതാണ്. രണ്ടാമത്തേത് ബിരുദ തല ഉപരിപഠനവും സാങ്കേതിക ഉപരിപഠനവും സാധ്യമാക്കുന്നു. മൂന്നാമത്തെ കോഴ്സുകള്‍ സാങ്കേതികവും അല്ലാത്തതുമായ മേഖലകളില്‍ തൊഴില്‍സാധ്യതക്ക് അവസരമൊരുക്കുന്നു. എന്നാൽ മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ സർട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഉപരിപഠന സാധ്യത ഇല്ല എന്നുതന്നെ പറയാം.
ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍
ഇതുതന്നെ വ്യത്യസ്ത തരത്തില്‍ നടത്തുന്നുണ്ട്. അതില്‍ പ്രധാനം കേരളഹയര്‍സെക്കന്‍ഡറി പഠന വകുപ്പ് നടത്തുന്ന, പ്ലസ് ടു കോഴ്സുകള്‍തന്നെയാണ്. പിന്നെ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറിയും ടെക്നിക്കല്‍ ഹയര്‍സെക്കൻഡറിയും. സി.ബി.എസ്.ഇ നടത്തുന്ന ഹയര്‍സെക്കന്‍ഡറി കോഴ്സുകളും കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് കീഴിലുള്ള ഹയര്‍സെക്കന്‍ഡറി കോഴ്സുകളുമാണ് മറ്റുള്ളവ.
ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി ഒഴികെയുള്ള സംവിധാനത്തില്‍ എല്ലാംതന്നെ കോഴ്സുകളെ വിവിധ പേരുകളിലായി സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ വിന്യസിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ പ്രത്യേകത ഓരോ സ്ട്രീമും പ്രത്യേകമായ ഉപരിപഠന തൊഴില്‍ മേഖലകള്‍ തുറന്നു തരുന്നു എന്നതാണ്. പക്ഷേ, കോഴ്സുകളും സ്ട്രീമുകളും തീരുമാനിക്കുന്നതിനു മുമ്പ് അഭിരുചി പരീക്ഷയിലൂടെ അനുയോജ്യമായ കോഴ്സുകള്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.
lപ്ലസ് ടു വില്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിലായി 46 കോമ്പിനേഷന്‍ കോഴ്സുകള്‍ ആണുള്ളത്. സയന്‍സില്‍ പ്രധാനമായും ബയോളജി കെമിസ്ട്രി ഫിസിക്സ് മാത്തമാറ്റിക്സ്, കെമിസ്ട്രി ഫിസിക്സ് മാത്തമാറ്റിക്സ് കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി കെമിസ്ട്രി ഫിസിക്സ് സൈക്കോളജി/ഹോം സയന്‍സ് എന്നിങ്ങനെ ഉള്ള കോഴ്സ് കോമ്പിനേഷന്‍ ആണുള്ളത്. ഇതില്‍ ആദ്യത്തെ കോഴ്സാണ് അനവധി അവസരങ്ങള്‍ ഉള്ളതായി പരിഗണിക്കപ്പെടുന്നത്.
അവസരങ്ങള്‍ ഒരുപാടുണ്ട് എന്നു കരുതി പഠിക്കാന്‍ പ്രയാസമുള്ളവയോ ഒട്ടും താൽപര്യം ഇല്ലാത്തവയോ എടുക്കരുത്, അതിനായി മക്കളെ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുകയും അരുത്. നീറ്റ് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ അതിനാല്‍ സയന്‍സ് എടുക്കുമ്പോള്‍ മാത്തമാറ്റിക്സ് എടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് സൂക്ഷിച്ച് വേണം. കാരണം നീറ്റ് പരീക്ഷയില്‍ ഫിസിക്സിൽ നല്ലൊരു ശതമാനം മാത്തമാറ്റിക്സ് വരുന്നതും, നീറ്റ് പരീക്ഷ എഴുതുന്നതിലെ വേഗത്തില്‍ മാത്തമാറ്റിക്സിന്റെ സ്വാധീനം പ്രധാനപ്പെട്ടതാണ് എന്നതും അതിന്റെ ആവശ്യകത നിര്‍ബന്ധമാക്കുന്നു. മാത്തമാറ്റിക്സ് ഒഴിവാക്കാതിരിക്കുക എന്നതാണ് അഭികാമ്യം.
അതേപോലെ, എൻജിനീയറിങ് ആണ് കൂടുതല്‍ ഇഷ്ടം, എന്നാല്‍, ബയോളജിയുടെ അവസരങ്ങളും വേണമെങ്കില്‍ ഉപയോഗിക്കാം എന്നൊക്കെ ചിന്തിച്ച് ബയോളജി എടുക്കുന്നവര്‍, പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് പഠിക്കാന്‍ പോകുമ്പോള്‍ പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാതിരുന്നത് പ്രശ്നം ആകുമോ എന്ന് ഭയക്കേണ്ടതുമില്ല. ഒരുപാട് മേഖലകളിലേക്ക് വഴിതുറക്കും എന്നതുകൊണ്ടു മാത്രം സയന്‍സ് തെരഞ്ഞെടുക്കണമെന്നില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളില്‍ താല്പര്യവും കഴിവും അഭിരുചിയും ഉണ്ടെങ്കില്‍ മാത്രമേ സയന്‍സ് എടുക്കാവൂ. സയന്‍സ് എടുത്താല്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പോലുള്ള ക്ലിനിക്കല്‍ പ്രാക്ടീസ് കോഴ്സുകള്‍, നഴ്സിങ്, ഫാര്‍മസി പോലുള്ള പാരാമെഡിക്കല്‍ കോഴ്സുകള്‍, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് പോലുള്ള അലൈഡ് കോഴ്സുകള്‍, ബി.പി.ടി പോലുള്ള റിഹാബിലിറ്റേഷന്‍ കോഴ്സുകള്എന്നിവയൊക്കെ നല്ല കരിയര്‍ സാധ്യതയൊരുക്കുന്നു. ബയോളജി താൽപര്യം ഉള്ള വിദ്യാര്‍ഥികള്‍ക്ക് മേൽപറഞ്ഞ കോഴ്സുകള്‍ ഒട്ടേറെ ഉപരിപഠന വൈവിധ്യങ്ങളും നല്‍കുന്നുണ്ട്.
ഗണിതത്തോട് ഏറെ മമത ഉള്ളവര്‍ക്ക് എൻജിനീയറിങ് പ്രധാന സാധ്യതയാണ്. ഏകദേശം 120 ഓളം എൻജിനീയറിങ് ബ്രാഞ്ചുകള്‍ ഉണ്ട്. കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, വിവിധ സോഫ്റ്റ്വെയര് കോഴ്സുകള്‍, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ പ്രത്യേകം കോഴ്സുകള്‍ കണക്ക് പ്രധാന വിഷയമായി പഠിച്ചാല്‍ തുടരാം. ഇതിനു പുറമേ, കോമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമിലെ ഉപരിപഠന സാധ്യതകളും സയന്‍സുകാർക്ക് തുറന്നു കിടക്കുന്നുണ്ട്.
ഏറ്റവും എളുപ്പമായ സ്ട്രീം അല്ലെങ്കില്‍ ചെറിയ അനുബന്ധ കോഴ്സുകള്കൊണ്ട് തൊഴില്‍സാധ്യത ഉറപ്പിക്കാന്‍ പറ്റുന്ന കോഴ്സ് എന്ന നിലക്ക് മാത്രം കോമേഴ്സിനെ കാണരുത്. വായനശീലം ഉള്ളതു കൊണ്ടോ സിവില്‍ സര്‍വിസ് ആഗ്രഹം ഉള്ളതു കൊണ്ടോ ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്ന രീതിയും നല്ലതല്ല. സയന്‍സ് തീരെ താൽപര്യം ഇല്ലാത്തവര്‍, വളരെ കൃത്യമായി കോമേഴ്സ് സാധ്യതകള്‍ അന്വേഷിച്ചവര്‍, സിമ്പ്ള്‍ മാത്തമാറ്റിക്സിനോട് താൽപര്യം ഉള്ളവര്‍, ബിസിനസിനോട് മനസ്സില്‍ ആഗ്രഹം കാത്തുസൂക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് കോമേഴ്സ് പൊതുവേ നല്ലതാണ്. മാനേജ്മെന്റ് പഠനത്തിനു കോമേഴ്സ് ആണ് നല്ലത് സയന്‍സ് നല്ലതല്ല എന്ന ചിന്തയും വേണ്ട. കോമേഴ്സ് അടിസ്ഥാനപരമായി ബിസിനസ്, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് മേഖലകളെ പ്രതിനിധാനംചെയ്യുന്ന ഒരു പ്ലസ് ടു സ്ട്രീം ആണ്. വളരെ കൃത്യമായി ഇത്തരം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്താല്‍ മതി എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കോമേഴ്സ് നല്ല സ്ട്രീം ആണ്. സി.എ, സി.എം.എ, സി.എസ്, എ.സി.സി.എ എന്നിങ്ങനെ സ്വദേശ – വിദേശ കരിയര്‍ സാധ്യതകള്‍ തുറന്നുതരുന്ന മേഖലകള്‍ കോമേഴ്സ് സ്ട്രീംകാര്‍ക്കുള്ള മികച്ച അവസരങ്ങള്‍ ആണ്. റിസ്ക് ആന്‍ഡ് ഇൻഷുറൻസ് അനലിസ്റ്റ്, ക്രിപ്റ്റോ അനലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്, മൂച്വല്‍ ഫണ്ട് അഡ്വൈസര്‍ എന്നിങ്ങനെ മേഖലകളിലേക്ക് കോമേഴ്സ്കാര്‍ക്ക് മാറാം.
ഒരാള്‍ സിവില്‍ സര്‍വിസ് പഠനം ആഗ്രഹിക്കുന്നു, അതു മാത്രമേ കരിയര്‍ ഓപ്ഷന് ആയി ഉള്ളൂ, അതിനായില്ലെങ്കില്‍ ഏതെങ്കിലും മത്സരപരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടിയെടുക്കും എന്ന് തീരുമാനിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ഹ്യൂമാനിറ്റീസ് തന്നെയാണ് ഏറ്റവും നല്ലത്. ഹ്യുമാനിറ്റീസ് സ്ട്രീമിന്റെ കൃത്യവും താരതമ്യേന പരിമിതവുമായ സാധ്യതകളെ ശരിയായി മനസ്സിലാക്കി ഓരോ വിഷയത്തിലുമുള്ള വൈവിധ്യങ്ങളെ കൃത്യമായി ഉൾക്കൊള്ളുകയും ചെയ്താല്‍ മികച്ച കരിയറില്‍ എത്താനാവും. സോഷ്യോളജി,സൈക്കോളജി, ഇക്കണോമിക്സ് മുതലായവ വളരെ പ്രധാനപ്പെട്ടതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയവുമായ കരിയര്‍ മേഖലകള്‍ സമ്മാനിക്കുന്നു. ഓര്‍ഗനൈസേഷനല്‍ സൈക്കോളജി, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്നിവ കോര്‍പറേറ്റ് മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.
lഹ്യുമാനിറ്റീസ് സ്ട്രീമില്‍ മാത്രമായി 32 കോഴ്സ് കോമ്പിനേഷനുകളുണ്ട്. കോമേഴ്സും ഹ്യൂമാനിറ്റീസും തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴ്സ് കോമ്പിനേഷനില്‍ സാധ്യമെങ്കില്‍ മാത്തമാറ്റിക്സ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇന്ത്യയിലെ ചില മികച്ച സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബി.കോം, ബി.എ ഇക്കണോമിക്സ് പോലുള്ള കോഴ്സുകള്‍ പഠിക്കാന്‍ മാത്തമാറ്റിക്സ് നിര്‍ബന്ധമാണ്. കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീംകാര്‍ക്ക് ഇനി മുതല്‍ കണക്ക് അധിക വിഷയമായി സ്കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പഠിക്കാം എന്നത് നല്ല അവസരമാണ്.
വൊക്കേഷനല്‍ ഹയര്‍സെക്കൻഡറികള്‍, സയന്‍സ്-കോമേഴ്സ് -ഹ്യുമാനിറ്റീസ് സ്ട്രീമുകള്‍ക്കൊപ്പം ബന്ധപ്പെട്ട തൊഴിലധിഷ്ഠിത പരിശീലനത്തിന് അനുയോജ്യമായ കോഴ്സുകള്‍ കൂടി നല്കിവരുന്നു. പക്ഷേ, വൈവിധ്യമാര്‍ന്ന കോഴ്സ് കോമ്പിനേഷനുകള്‍ ലഭ്യമല്ല. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിങ്ങനെ കോഴ്സ് കോമ്പിനേഷനും അനുബന്ധമായ തൊഴില്‍ പരിശീലനങ്ങളും ആണ് സയന്‍സ് സ്ട്രീമില്‍ ലഭ്യം. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, മാനേജ്മന്റ് എന്നിവ കോമേഴ്സിലും, ഹിസ്റ്ററി, ജിയോഗ്രഫി, ഇക്കണോമിക്സ് എന്നിവ ഹ്യുമാനിറ്റീസ് സ്ട്രീമിലും ലഭ്യമാണ്.
lടെക്നിക്കല്‍ ഹയര്‍സെക്കൻഡറിയില്‍ സയന്‍സ് കോഴ്സ് കോമ്പിനേഷന്‍ മാത്രമേ ലഭ്യമായുള്ളൂ. ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നിവയില്ല. എൻജിനീയറിങ് ഉപരിപഠനത്തിനു പ്രാധാന്യം നല്കുന്ന കോഴ്സ് ഘടനയാണ് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറിയിൽ. അതേസമയം, സി.ബി.എസ്.ഇ ഘടന ഒട്ടേറെ വൈവിധ്യങ്ങളായ കോഴ്സ് കോമ്പിനേഷനുകള്‍ക്ക് അവസരം നല്‍കുന്നതാണ്.
പോളിടെക്നിക്കുകളും മറ്റു സാങ്കേതികസ്ഥാപനങ്ങളും
പ്രായോഗിക പരിശീലത്തിനു കൂടുതല്‍ പ്രാധാന്യം നല്ക്കുന്ന കോഴ്സ് ആഗ്രഹിക്കുന്നവര്‍ക്ക്, എൻജിനീയറിങ് ടെക്നിക്കല്‍ മേഖലയിലെ തൊഴില്‍ജന്യ പഠനം മാത്രം അന്വേഷിക്കുന്നവര്‍ക്ക് പോളിടെക്നിക്കുകള് മികച്ച ഇടമാണ്. 25ൽ അധികം എൻജിനീയറിങ്- ടെക്നോളജി കോഴ്സുകള്‍ പോളിടെക്നിക്കുകളിലുണ്ട്. കേരളത്തില്‍ 52ഓളം സര്‍ക്കാർ, എയ്ഡഡ് സ്ഥാപനങ്ങളുണ്ട്.
പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് എൻജിനീയറിങ് ഡിഗ്രി കോഴ്സിനു ചേരാം. അതും രണ്ടാം വര്‍ഷം മുതല്‍ തന്നെ. പ്ലസ് ടു സയന്‍സ് മാത്തമാറ്റിക്സ് വിഷയമായി പഠിച്ചവര്‍ക്ക് പോളിടെക്നിക് കോഴ്സുകള്‍ രണ്ടാം വര്‍ഷം മുതല്‍ പഠിച്ചാല്‍ മതി. പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിഗ്രി കോഴ്സുകള്‍ക്കും ചേരാം.
പത്താംതരം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലാസ്റ്റിക് ടെക്നോളജിയിലെ മികച്ച സ്ഥാപനമായ സിപ്പെറ്റ് – സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാസ്റ്റിക് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍നിന്നും പ്ലാസ്റ്റിക് മോൾഡ് ടെക്നോളജിയില്‍ ഡിപ്ലോമ പഠിക്കാം. എന്‍.ടി.ടി.എഫ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളും വിവിധ കോഴ്സുകള്‍ നല്കി വരുന്നു. കുറഞ്ഞ കാലം പഠിച്ച് പെട്ടെന്നൊരു തൊഴില്‍ കണ്ടെത്തുക എന്നാല്‍ ഉപരിപഠനം തുടരുകയും ചെയ്യാം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സുകള്‍ അനുഗ്രഹമാണ്.
ഹ്രസ്വകാല സാങ്കേതിക പരിശീലന കോഴ്സുകളും സ്ഥാപനങ്ങളും
ഒരുപാട് കാലം പഠിക്കാന്‍ ആഗ്രഹമില്ല, പെട്ടെന്ന് സാങ്കേതിക പ്രാധാന്യമുള്ള ജോലി ലഭിക്കണം, പഠിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് തുടങ്ങി ഉപരിപഠനത്തിന് ഒട്ടേറെ വ്യക്തിപരമായ നിബന്ധനകള്‍ വെക്കുന്നവര്‍ക്ക് ഐ.ടി.ഐ നല്ല അവസരമാണ്. മെട്രിക്, നോണ്‍ മെട്രിക്, ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ എന്നിങ്ങനെ വ്യത്യസ്ത ഗണത്തില്‍പെട്ട 45ൽ അധികം തൊഴില്‍ജന്യ കോഴ്സുകള്‍ ഇവക്ക് കീഴിലുണ്ട്. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൊടുക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലെ ഹ്രസ്വകാല കോഴ്സുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടത്തിവരുന്ന ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സുകള്‍ എന്നിങ്ങനെ തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്കുന്ന നിരവധി ഹ്രസ്വകാല കോഴ്സുകള്‍ കേരളത്തിലും പുറത്തും ലഭ്യമാണ്.
ഉപരിപഠനത്തിലെ താൽപര്യങ്ങള്, കഴിവ് അഭിരുചി എന്നിവ അനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത് കൃത്യമായ തൊഴില്‍മേഖലയില്‍ എത്താന്‍ സഹായിക്കുന്നു.