280 ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതി പിടിയിൽ. പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പാതിരിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ 208.52 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി കാപ്പാ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട അടൂർ കുന്നിട ദേശത്ത് ഉഷ ഭവനിൽ രമേഷ് കുമാർ മകൻ ഉമേഷ് കൃഷ്ണ (38 വയസ്സ് ) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ പത്തനംതിട്ട ഏഴംകുളം നെടുമൺ ദേശത്ത് പാറവിള വീട്ടിൽ ജോസഫ് ബിനോയി മകൻ വിനീത് കൃത്യ സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ പിടികൂടാനായില്ല.
ഈ പ്രദേശത്ത് സ്ഥിരമായി ഗഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങിയ നിരോധിത ലഹരി വസ്തുക്കൾ കച്ചവടം ചെയ്തു വരുന്ന സംഘമാണിവർ.
എക്സൈസ് ഇൻസ്പെക്ടർ ഷിജിന എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ സുനിൽകുമാർ. വി, അനിൽ. വൈ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, റോബി സി എം, അരുൺ ബാബു, കിരൺകുമാർ, വിനീഷ് വിശ്വനാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
