പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി വായ തുറന്ന് മദ്യം കുടിപ്പിച്ചശേഷം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഒമ്പതു മണിയോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.
തിരിച്ച് ആടി കുഴഞ്ഞാണ് മകൻ വന്നത്. മര്‍ദനമേറ്റതിന്‍റെ ക്ഷീണവും ഉണ്ടായിരുന്നു. വരുന്നതിനിടെ നിലത്ത് വീണിരുന്നു. നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്നാണ് കുട്ടി മര്‍ദനമേറ്റ വിവരം പറഞ്ഞതെന്നും അച്ഛൻ പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരൻ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തേടിയാണ് സംഘം എത്തിയതെന്നും അവനെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
അവശനിലയിലായ കുട്ടിയെ ആശുപത്രിയിലാക്കിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.കുട്ടിയുടെയും അച്ഛന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണങ്ങള്‍ക്കുശേഷമെ ആരാണ് മര്‍ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് അനുജനെ മര്‍ദ്ദിച്ചെതന്നാണ് പരാതി.
മദ്യം കുടിപ്പിച്ച് നല്ല രീതിയിൽ കുഞ്ഞിനെ പെരുമാറിയെന്നും സമീപത്തെ വീടിന്‍റെ അരികിൽ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്‍റെ സഹോദരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പ്രിന്‍സിപ്പൽ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ എതിരായി നിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളായ യുവാക്കളാണ് വീട്ടിലെത്തി ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.