പത്തനംതിട്ട: പുല്ലാടിന് സമീപം സ്വകാര്യ ബസ് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബസ് ഇടിപ്പിക്കുകയും അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ തക്കത്തിന് സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ട് 5.30 ഓടെയാണ് സംഭവം.
കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ മല്ലപ്പള്ളി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് പരിശോധിക്കാനായി കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടയുകയും ചെയ്തു. സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കയറി വാഹനം നീക്കിയിടാന്‍ ശ്രമിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാരും പ്രതിഷേധം അറിയിച്ചു.
കണ്ടക്ടര്‍ കോയിപ്രം പോലീസ് സ്റ്റേഷനില്‍ പിന്നീട് വിവരം അറിയിച്ചു. കോയിപ്രം പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.