പതിനെട്ട്‌ വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റ്‌ ; ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധം

news image
Sep 26, 2024, 5:11 am GMT+0000 payyolionline.in

തിരുവനന്തപുരം: പതിനെട്ട്‌ വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റിൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ആധാർ എൻറോൾമെന്റ്‌ സമയത്ത് നൽകിയ രേഖകളുടെ ആധികാരികത  ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. ഫീൽഡ് വെരിഫിക്കേഷൻ സൗജന്യമായി ചെയ്യും. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്‌. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരും മറ്റു ജില്ലകളിൽ വില്ലേജ് ഓഫീസർമാരുമാണ് വെരിഫിക്കേഷൻ നടത്തുക.

വെബ്സൈറ്റിൽ ( https://myaadhaar.uidai.gov.in/CheckAadhaarStatus) എൻറോൾമെന്റ്‌ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ, വെരിഫിക്കേഷൻ നടപടിയിലാണ് എന്ന് കാണിക്കുകയോ അല്ലെങ്കിൽ എൻറോൾമെന്റ്‌ നടത്തി ഇരുപത്‌ ദിവസത്തിനു ശേഷമോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ/തദ്ദേശസ്ഥാപനങ്ങളിലോ എത്തി വെരിഫിക്കേഷൻ നടപടി ചെയ്യാം.

വിദേശ മലയാളികൾ എൻറോൾമെന്റ്‌ നടത്തിയ ശേഷം വിദേശത്തേക്ക് തിരിച്ചുപോകുംമുമ്പ്‌, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലോ/തദ്ദേശ  സ്ഥാപനങ്ങളിലോ രേഖകൾ ഹാജരാക്കണം. ഫീൽഡ് വെരിഫിക്കേഷൻ സമയമാകുമ്പോൾ നാട്ടിലില്ലെങ്കിൽ ഈ ക്രമീകരണം സഹായകമാവും.

പതിനെട്ടു വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റ്‌, ജില്ലാതല/ബ്ലോക്ക് തല അക്ഷയ കേന്ദ്രങ്ങൾമാത്രം വഴിയാക്കി യുഐഡിഎഐ പരിമിതപ്പെടുത്തി. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയ വെബ്‌സൈറ്റിൽ ( https://akshaya.kerala.gov.in/services/1/aadhaar-enrollment) പ്രസിദ്ധീകരിച്ചു. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസി സംസ്ഥാന ഐടി മിഷനാണ്‌. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും: 1800-4251-1800/ 0471-2335523, 0471-2525442 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe