പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

news image
Jun 24, 2024, 4:01 am GMT+0000 payyolionline.in
ദില്ലി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും  സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും.

വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനം എടുക്കും. ഡിഎംകെയുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. രാവിലെ പത്ത് മണിക്ക് പാർലമെന്‍റിന്‍റെ വളപ്പില്‍ എത്താൻ കോണ്‍ഗ്രസ് എംപിമാർക്ക് പാര്‍ട്ടി നിർദേശം നല്‍കിയിട്ടുണ്ട്. എംപിമാർ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.

 

ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെന്‍റില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.തുടക്കം തന്നെ നീറ്റ്, നെറ്റ്,  ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe