പട്നയിൽ മണൽക്കടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി

news image
Nov 14, 2023, 1:13 pm GMT+0000 payyolionline.in

പട്ന: മണൽക്കടത്ത് തടയാൻ ശ്രമിച്ച യുവ സബ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. അനധികൃതമായി ഖനനം ചെയ്ത മണൽ കടത്തുകയായിരുന്ന സംഘത്തെ തടയാൻ ശ്രമിക്കവെയാണ് ആക്രമണം. സംഭവത്തിൽ ഹോം ഗാർഡുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സബ് ഇൻസ്പെക്ടറായ പ്രഭാത് രഞ്ജനാണ് ​ദാരുണമായി കൊല്ലപ്പെട്ടത്. ജാമുയിയിലെ മഹൂലിയ തണ്ട് ഗ്രാമത്തിലാണ് സംഭവം. സിവാൻ ജില്ലക്കാരനായ പ്രഭാത് രഞ്ജൻ ഗാർഹി പൊലീസ് സ്റ്റേഷന്റെ ചുമതല നിർവഹിക്കുന്ന ഉദ്യോ​ഗസ്ഥനാണ്.

അക്രമണത്തിന് പിന്നാലെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.സംഭവത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും ഉത്തർപ്രദേശിലും മധ്യപ്രദേശിലും മുൻപും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതികൾക്ക് നിയമാനുസൃതമായ ശിക്ഷ നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത് രഞ്ജന് നാല് വയസ്സുള്ള ഒരു മകളും ഒരു മകനുമുണ്ട്. പ്രസവത്തെ തുടർന്ന് ഭാര്യ ഇപ്പോൾ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഭാതിന്റെ കുടുംബവും ദില്ലിയിലാണ്. കുടുംബാംഗങ്ങൾ ജാമുയിയിൽ ഉടൻ എത്തുമെന്നും അധികൃതർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe