മുംബൈ: മഹാരാഷ്ട്രയിൽ പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കുട്ടിയുടെ കഴുത്തിൽ ചരട് കുരങ്ങി മുറിവേറ്റത്. പരിക്കേറ്റ ഉടൻ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ജില്ല ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
മകര സംക്രാന്തിക്ക് പട്ടം പറത്താൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ചരട് കഴുത്തിൽ കുടുങ്ങി കഴുത്ത് മുറിഞ്ഞതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ചൈനീസ് ചരടും മൂർച്ചയുള്ള ചരടും കൈവശം വച്ചിരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ പത്ത് ദിവസമായി ചൈനീസ് ചരടിനെതിരെ കാമ്പയിൻ നടത്തിയിരുന്നെന്നും കുട്ടിയുടെ മരണം ദുഖകരമായ സംഭവമാണെന്നും ധാർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.