ബംഗളൂരു: ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെതുടർന്ന് അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള കോഴി ഇറക്കുമതിക്ക് കർണാടക സർക്കാർ കർശന നിരോധനം ഏർപ്പെടുത്തി. കർണാടകയിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അത് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിത്. തെലങ്കാനയിലെ കോഴി മരണത്തിന് കാരണം എച്ച് 5 എൻ 1 വൈറസാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇത് കർണാടകയുടെ അതിർത്തി ജില്ലകളിൽ ആശങ്ക ഉണർത്തുന്നു.
ബംഗളൂരുവിലെ കോഴി വ്യാപാരികളും അതീവ ജാഗ്രതയിലാണ്. രോഗബാധിതരായ പക്ഷികൾ പ്രവേശിക്കുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുഡൂർ, സുല്ലൂർപേട്ട്, നായിഡുപേട്ട്, വെങ്കടഗിരി പ്രദേശങ്ങളിൽ നൂറുകണക്കിന് കോഴികൾ ചത്തൊടുങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കോഴി ഇറക്കുമതിയിലൂടെ വൈറസ് പടരുമെന്ന് കർണാടക സർക്കാർ ഭയപ്പെടുന്നു, അതിനാൽ അതിർത്തി ജില്ലകളായ ബിദാർ, ബെളഗാവി, ബല്ലാരി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിരോധ നടപടികളുടെ ഭാഗമായി ബാധിത സംസ്ഥാനങ്ങളിൽ മുട്ട ഇറക്കുമതിയും കർണാടക നിർത്തിവെച്ചു.സംസ്ഥാനത്ത് പക്ഷിപ്പനി കേസുകൾ ഇല്ലെങ്കിലും താപനില ഉയരുന്നത് കോഴി വിൽപനയിൽ ഇടിവിന് കാരണമായി.