പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; മലിനീകരണം കുറയ്ക്കാൻ ദില്ലി സർക്കാർ നിയന്ത്രണം

news image
Nov 20, 2024, 6:31 am GMT+0000 payyolionline.in

ദില്ലി: ദില്ലിയിലെ പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. മലിനീകരണം കുറയ്ക്കുന്നതിനായാണ് അടിയന്തര നടപടി. ദില്ലി സർക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്നും മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

ദില്ലിയിൽ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്.  നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

മലിനീകരണത്തോത് കൂടിയത് കണക്കിലെടുത്ത് ദില്ലിയിൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്. പത്ത്, പന്ത്രണ്ട് ഉൾപ്പെടെയുള്ള  ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറ്റി. നേരത്തെ 10, 12 ക്ലാസ്സുകൾ ഓണ്‍ലൈനാക്കിയിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12  ക്ലാസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളാക്കിയത്. ദില്ലി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും, വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe