ന്യൂസ്‌ക്ലിക്കിലെ നിക്ഷേപം നിയമപ്രകാരം: യുഎസ്‌ സ്ഥാപനം

news image
Oct 8, 2023, 2:38 am GMT+0000 payyolionline.in

ന്യൂഡൽഹി> നിയമപരവും സുതാര്യവുമായാണ്‌ ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയതെന്ന്‌ അമേരിക്കൻ സ്ഥാപനം വേൾഡ്‌വൈഡ്‌ മീഡിയ ഹോൾഡിങ്‌സ്‌ (ഡബ്ല്യുഎംഎച്ച്‌) വ്യക്തമാക്കി. അമേരിക്കൻ സംരംഭകൻ നെവില്ലെ റോയി സിങ്കം, അദ്ദേഹം നടത്തിവന്ന ‘തോട്ട്‌വർക്ക്‌സ്‌’ എന്ന ഐടി കൺസൾട്ടൻസിയുടെ ഉടമസ്ഥാവകാശം കൈമാറിയതുവഴി ലഭിച്ച പണം ഉപയോഗിച്ച്‌ തുടങ്ങിയ പീപ്പിൾസ്‌ സപ്പോർട്ട്‌ ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ളതാണ്‌ ഡബ്ല്യുഎംഎച്ച്‌. ജനകേന്ദ്രീകൃത മാധ്യമപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന  ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയതെന്ന്‌ ഡബ്ല്യുഎംഎച്ച്‌ മാനേജറും അമേരിക്കൻ അഭിഭാഷകനുമായ ജെസൻ ഫെച്ചർ പ്രസ്‌താവനയിൽ അറിയിച്ചു.

ന്യൂസ്‌ക്ലിക്കിന്റെ മാധ്യമപ്രവർത്തനശൈലിയിൽ തൽപ്പരരായി നിക്ഷേപനടപടികൾ തുടങ്ങിയത്‌ 2017ലാണെന്ന്‌ ഫെച്ചർ വിശദീകരിച്ചു.  ‘തോട്ട്‌വർക്ക്‌സി’ൽ താനും പ്രബീർ പുർകായസ്‌തയും സഹപ്രവർത്തകരായിരുന്നു. ഇന്ത്യയിലെത്തി തദ്ദേശീയ അഭിഭാഷകന്റെ സഹായത്തോടെ ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌ത അടക്കമുള്ളവരുമായി ചർച്ച നടത്തി. ഒരു വർഷത്തോളം നീണ്ട കൂടിയാലോചനകൾക്കും നിയമം അനുശാസിക്കുന്ന പ്രക്രിയക്കും ഒടുവിൽ നിക്ഷേപക്കരാറായി. ന്യൂസ്‌ക്ലിക്കിന്‌ മാധ്യമപ്രവർത്തനം സംബന്ധിച്ച്‌ നിർദേശമൊന്നും നൽകിയിട്ടില്ല.

ന്യൂസ്‌ക്ലിക്കിനെതിരെ 2021ൽ ഇഡിയും ഡിആർഐയും ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗവും റെയ്‌ഡുകൾ നടത്തി. ഈ ഏജൻസികൾ ആവശ്യപ്പെട്ടപ്രകാരം ഡബ്ല്യുഎംഎച്ച്‌ നിക്ഷേപവിവരങ്ങൾ കൈമാറി. ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തുന്ന സമയത്ത്‌ ഡബ്ല്യുഎംഎച്ച്‌ പ്രവർത്തനരഹിതമായ സ്ഥാപനമായിരുന്നെന്ന വ്യാജപ്രചാരണം പൊളിക്കുന്ന രേഖകളും സമർപ്പിച്ചു.

ഏതെങ്കിലും രാഷ്‌ട്രീയ പാർടിയിൽനിന്നോ സർക്കാരിൽനിന്നോ അവരുടെ പ്രതിനിധികളിൽനിന്നോ ഡബ്ല്യുഎംഎച്ച്‌ പണം വാങ്ങിയിട്ടില്ല. ഇപ്പോൾ ‘ന്യൂയോർക്ക്‌ ടൈംസ്‌’ പ്രസിദ്ധീകരിച്ച കള്ളക്കഥയുടെ അടിസ്ഥാനത്തിൽ നിരപരാധികളെ അറസ്റ്റുചെയ്‌തിരിക്കുകയാണ്‌. 20 വർഷമായി ഇന്ത്യ സന്ദർശിക്കുകയും ബിസിനസ്‌ നടത്തുകയും ചെയ്യുന്നു. ഇന്ത്യൻ നിയമം അനുസരിച്ച്‌ രാജ്യത്ത്‌ വിദേശനിക്ഷേപം നടത്തുന്നത്‌ സുരക്ഷിതമാണോ എന്ന ചോദ്യമാണ്‌ ഇപ്പോൾ ഉയരുന്നത്‌– ഫെച്ചർ -പ്രസ്‌താവനയിൽ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe