റംസാൻ മാസത്തിൽ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തലയിൽ വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായി.
തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക നേതാവ് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പൂർണ്ണമായും വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നത്. പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ഇവ പുറത്തുവിട്ടത്.
റിപ്പോർട്ടുകൾ പ്രകാരം വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി നിസ്കാരം നടത്തുകയും ചെയ്‌തു.
തുടർന്ന് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുകയും ആയിരക്കണക്കിന് നാട്ടുകാർക്ക് വിരുന്ന് ഒരുക്കുകയും ചെയ്തു. ചെന്നൈയിലെ റോയപ്പേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് അദ്ദേഹത്തിൻ്റെ പാർട്ടി ഇഫ്താർ പരിപാടി സംഘടിപ്പിച്ചത്. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.