മലപ്പുറം: കോളേജിൽ നോമ്പുതുറ നടത്താൻ പണം പിരിച്ചത് ജൂനിയർ വിദ്യാർത്ഥികൾ, സീനിയേഴ്‌സിനുണ്ടോ അത് പിടിക്കുന്നു. ഒന്ന് ചോദിക്കുക തന്നെ വേണമെന്ന് ഉറപ്പിച്ചു. എന്നാൽ ബാക്കി ചോദിച്ചത് പൊലീസ് ആണെന്ന് മാത്രം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. നോമ്പുതുറക്ക് പണം പിരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജൂനിയർ വിദ്യാർഥികളെ തല്ലിയൊതുക്കാൻ സർവ സന്നാഹങ്ങളുമായി കാത്തുനിന്ന സീനിയർ വിദ്യാർഥികളെയാണ് കോട്ടക്കൽ പൊലീസ് പൊക്കിയത്.
സംഭവത്തിൽ മരവട്ടത്തെ കോളജിലെ 19 സീനിയർ വിദ്യാർഥികളെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ പുത്തൂർ-ചിനക്കൽ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജങ്ഷനിലാണ് സംഭവം. ഇതുവഴി ജൂനിയർ വിദ്യാർഥികൾ കോളജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാർഥികൾ സംഘടിക്കുകയായിരുന്നു. അപകടം മണത്ത നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനെ കണ്ടതോടെ ഇവർ ചിതറിയോടിയെങ്കിലും പിടികൂടി.
രണ്ട് കാറും ആറ് ഇരുചക്രവാഹനങ്ങളും ബൈക്കുകളും പിടിച്ചെടുത്തു. രക്ഷിതാക്കൾ ഹാജരായ ശേഷം ജാമ്യത്തിൽ വിടുമെന്നും വാഹനങ്ങളും പിടിച്ചെടുത്ത മൊബൈൽ ഫോണും കോടതിയിൽ ഹാജരാക്കുമെന്നും ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു. ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളുമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. എസ് ഐ സൈഫുല്ല, പ്രബേഷനൽ എസ് ഐ നിജുൽ രാജ്, എസ് ഐ വിമൽ, എസ് എസ് ബി നസീർ, പൊലീസുകാരായ റാഫി, അജീഷ്, നൗഷൗദ് അടങ്ങുന്ന സംഘമാണ് വിദ്യാർഥികളെ പിടികൂടിയത്.