യൂട്യൂബും ടിക് ടോക്കും ഇൻസ്റ്റാഗ്രാമും അടക്കിവാഴുന്ന സോഷ്യൽ മീഡിയ ലോകത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ്. മൊബൈലിൽ വീഡിയോ കാണുന്നവരുടെ മാറുന്ന ശീലങ്ങൾ കണക്കിലെടുത്ത്, കൂടുതൽ ആകർഷകമായ രീതിയിൽ തങ്ങളുടെ ആപ്പ് പുനർരൂപകൽപ്പന ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു.
2026 അവസാനത്തോടെ പുറത്തിറങ്ങുന്ന ഈ പുതിയ പതിപ്പിൽ, ഇൻസ്റ്റാഗ്രാം റീൽസിന് സമാനമായി താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാവുന്ന ‘വെർട്ടിക്കൽ വീഡിയോ ഫീഡ്’ ആണ് പ്രധാന ആകർഷണം. സിനിമകളുടെയും സീരീസുകളുടെയും ചെറിയ ക്ലിപ്പുകൾ ഇങ്ങനെ കാണുന്നതിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കം വേഗത്തിൽ കണ്ടെത്താൻ സാധിക്കും.
വിനോദലോകത്തെ എല്ലാ മേഖലകളിലും സാന്നിധ്യമറിയിക്കാനുള്ള നെറ്റ്ഫ്ലിക്സിന്റെ നീക്കം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മൈക്കൽ ഇർവിൻ, പീറ്റ് ഡേവിഡ്സൺ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ചേർന്ന് വീഡിയോ പോഡ്കാസ്റ്റ് രംഗത്തേക്കും കമ്പനി ചുവടുവെച്ചു.
സ്പോട്ടിഫൈ, ഐഹാർട്ട് മീഡിയ തുടങ്ങിയ മുൻനിര പ്ലാറ്റ്ഫോമുകളുമായി സഹകരിച്ചാണ് ഈ പ്രവർത്തനം. വെറുമൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം എന്നതിലുപരി, ആളുകളെ കൂടുതൽ സമയം ആപ്പിൽ പിടിച്ചിരുത്തുന്ന ഒരു സോഷ്യൽ മീഡിയ അനുഭവം നൽകാനാണ് നെറ്റ്ഫ്ലിക്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിനസ് രംഗത്തും വമ്പൻ കുതിപ്പാണ് നെറ്റ്ഫ്ലിക്സ് കാഴ്ചവെക്കുന്നത്. പ്രശസ്ത സ്റ്റുഡിയോ ആയ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. 2025-ൽ മാത്രം ഏകദേശം 3.7 ലക്ഷം കോടി രൂപ ($45.2 Billion) വരുമാനം നേടിയ കമ്പനി, നിലവിൽ 32.5 കോടി വരിക്കാരുമായി ലോകത്തെ മുൻനിരയിൽ തുടരുന്നു. ടിവി കാണുന്ന ശീലങ്ങൾ മാറിക്കഴിഞ്ഞുവെന്നും, ഇനി മത്സരം സ്ട്രീമിംഗ് കമ്പനികൾ തമ്മിലല്ല, മറിച്ച് മുഴുവൻ വിനോദ മേഖലയോടുമാണെന്നും നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സാരണ്ടോസ് വ്യക്തമാക്കി.
