‘നെതന്യാഹു ചെകുത്താൻ’, പലസ്തീനൊപ്പം നിൽക്കാൻ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് ഉവൈസി

news image
Oct 15, 2023, 7:27 am GMT+0000 payyolionline.in

ഹൈദരാബാദ്∙  ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ചെകുത്താനെന്നു വിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്–ഇ–ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇസ്രയേൽ – പലസ്തീൻ സംഘർഷം കനക്കവേയാണു നെതന്യാഹുവിനെ ചെകുത്താനെന്നും സ്വേച്ഛാധിപതിയെന്നും യുദ്ധ കുറ്റവാളിയെന്നും അസദുദ്ദീൻ ഉവൈസി വിശേഷിപ്പിച്ചത്. ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉവൈസിയുടെ രൂക്ഷപ്രതികരണം.

പലസ്തീൻ ജനതയ്‌ക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കാൻ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. പലസ്തീനിലേതു മുസ്‍ലിംകളുടെ മാത്രം പ്രശ്നമല്ല, മാനുഷിക പ്രശ്നമാണ്. ‘‘ഗാസയിലെ 10 ലക്ഷത്തോളം ജനങ്ങൾക്കു വീടില്ലാതായി. ലോകം നിശബ്ദരാണ്. ഗാസയിലെ പാവപ്പെട്ട ജനങ്ങൾ എന്ത് അതിക്രമമാണു ചെയ്തത്? 70 വർഷമായി ഇസ്രയേല്‍ അധിനിവേശം നടത്തുകയാണ്. നിങ്ങൾക്ക് അധിനിവേശം കാണാൻ കഴിയുന്നില്ല, നിങ്ങൾക്കു പീഡനം കാണാൻ സാധിക്കുന്നില്ല’’ – ഉവൈസി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഉവൈസി വിമർശനം നടത്തി. ‘‘പലസ്തീനെ പിന്തുണയ്ക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി കേൾക്കു, ത്രിവർണ്ണപതാകയും പലസ്തീൻ പതാകയും അഭിമാനത്തോടെ ഞാനണിയുകയാണ്. പലസ്തീനൊപ്പം നിലകൊള്ളുന്നു’’ – ഉവൈസി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe