നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐആര്‍. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഐവിൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സൈഡ് കൊടുക്കുന്നതിനിടെ ഇരുവരുടെയും വാഹനങ്ങൾ പരസ്പരം ഉരസിയിരുന്നു. ഇതിൻ്റെ വൈരാഗ്യം മൂലമാണ് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ഐവിനെ ബോണറ്റിൽ കയറ്റി ഒരു കിലോമീറ്റർ ദൂരം കാര്‍ ഓടിച്ചു കൊണ്ടുപോയെന്നാണ് വിവരം. പിന്നീട് സഡൻ ബ്രേക്കിട്ട് നിലത്ത് വീഴ്ത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരുവരും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്.
അതേസമയം ഐവിനെ കാറിടിച്ച് ഒരു കിലോമീറ്ററോളം ബോണറ്റിലിട്ട് കൊണ്ടുവന്നിടുകയായിരുന്നുവെന്ന് അങ്കമാലി നഗരസഭ കൗൺസിലർ ഏലിയാസ് പ്രതികരിച്ചു. അപകടത്തില്‍ ഐവിന് ഗുരതരമായി പരുക്കേറ്റിരുന്നുവെന്നും ശരീരെ ചതഞ്ഞരഞ്ഞ നിലയിലായിരുന്നുവെന്നും ഏലിയാസ് പറഞ്ഞു. ആംബലൻസ് വിളിച്ചാണ് ഐവിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പറഞ്ഞ ഏലിയാസ് കാറിലുണ്ടായിരുന്നത് സി ഐ എസ് എഫ് ജവാൻമാരാണെന്നും ധിക്കാരപരമായ സമീപനമാണ് അവരിൽ നിന്നുണ്ടായതെന്നും പ്രതികരിച്ചു.