നെടുമങ്ങാട് (തിരുവനന്തപുരം): കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ തുണി ചുറ്റി ശ്വാസംമുട്ടി അരുവിക്കരയിൽ അഞ്ച് വയസുകാരൻ മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു-ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (5) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയതെന്ന് കരുതുന്നു. ഈ സമയം വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.
ഉറങ്ങുകയായിരുന്ന അപ്പൂപ്പൻ വൈകീട്ട് നാല് മണിയോടെ ഉണർന്നപ്പോഴാണ് തുണി കഴുത്തിൽ കുരുങ്ങി കസേരയിൽ ഇരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചുകൂട്ടി അരുവിക്കര സി.എച്ച്.എസിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് അരുവിക്കര പൊലീസ് കേസെടുത്തു.