നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിൽ നാലര കോടി രൂപ തട്ടിപ്പ്; കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസ്

news image
Nov 1, 2023, 7:07 am GMT+0000 payyolionline.in

ഇടുക്കി: നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റടക്കം കോൺ​ഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസെടുത്തു. മുൻ ഡി സി സി പ്രസിഡന്റ്  ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ് . ബാങ്കിൽ നിന്ന് നാലര കോടി രൂപ തട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ് ,ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്  അടക്കമുള്ളവരും പ്രതി പട്ടികയിലുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കാണ് നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി. ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകരാണ് രംഗത്ത് വന്നത്. ചികിത്സക്കും വീട് വയ്ക്കാനും ബാങ്കിൽ കരുതി വച്ച നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണ്.  ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന ബാങ്കിൽ അഞ്ചു ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിച്ച 150-ലധികം പേരാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യ സമയത്ത് ഇവർക്ക് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. 36 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം.

അതേസമയം മുൻ ജീവനക്കാർ നടത്തിയ നിയമലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയിലാക്കിയതെന്ന് ഭരണ സമിതി വിമർശിക്കുന്നു. ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്ത മുൻ സെക്രട്ടറി ഇപ്പോൾ ഒളിവിലാണ്. സഹകാരികൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്.  പണം നിക്ഷേപിച്ച് വെട്ടിലായവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇപ്പോൾ സമരത്തിലാണ്. ക്രമക്കേട് സംബന്ധിച്ച് പോലീസിനും സഹകകരണ വകുപ്പിനും ഭരണ സമിതി പരാതി നൽകിയിട്ടുണ്ട്. ഇതിലാണ് ഇപ്പോൾ വിജിലൻസ് കേസെടുത്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe