തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി പരീക്ഷ ഇന്ന് നടക്കും. ഇന്ത്യക്കകത്തും പുറത്തുമായി 22.7 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ.
കേരളത്തിൽ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലുള്ള 362 പരീക്ഷ കേന്ദ്രങ്ങളിലായി 1.30 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതും. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പരീക്ഷക്ക് അഡ്മിറ്റ് കാർഡിൽ പറയുന്ന സമത്ത് തന്നെ പരീക്ഷ ഹാളിൽ എത്താൻ പരീക്ഷാർഥികൾ ശ്രദ്ധിക്കണം.
ഒന്നരക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടച്ചാൽ പിന്നീട് പ്രവേശനം ഉണ്ടാകില്ല. കർശനമായ പരിശോധനയോടെയായിരിക്കും പരീക്ഷ നടത്തിപ്പ്. ആഭരണങ്ങൾ, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാൻ പാടില്ല. പരീക്ഷക്ക് ഉപയോഗിക്കാനുള്ള കറുത്ത മഷിയുള്ള ബോൾ പോയന്റ് പേന ഇൻവിജിലേറ്റർ തന്നെ പരീക്ഷ കേന്ദ്രത്തിൽ നൽകും.