ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാൽ പുനഃപരീക്ഷ നടത്താമെന്ന് സുപ്രീം കോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട നാൽപതോളം ഹർജികൾ പരിശോധിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. പുനഃപരിശോധന നടത്തുക എന്നത് അവസാനത്തെ മാർഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
ചോർച്ചയുണ്ടായെന്ന കാര്യം നിഷേധിക്കുന്ന സമീപനം പാടില്ല. പുനഃപരീക്ഷ നടത്തുക എന്നത് അവസാനത്തെ മാർഗമാണ്. പല വിദ്യാർഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വീണ്ടും പണം ചെലവഴിക്കാൻ ബുദ്ധിമുട്ടുള്ളവരുമാണ്. ഒരു കാര്യം വ്യക്തമാണ്… ചോദ്യങ്ങൾ ചോർന്നു. പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടു. ഇത് സംശയത്തിന് അതീതമാണ്. ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തണം.–ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.