നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പിക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി കേന്ദ്രം

news image
Jul 5, 2024, 6:53 am GMT+0000 payyolionline.in
ദില്ലി: നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ നിലവിൽ എൻടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ, ആയുഷ് പിജി എൻട്രൻസ് എന്നിവയ്ക്ക് സംസ്ഥാന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, നീറ്റ് നെറ്റ് പരീക്ഷ വിവാദങ്ങൾക്ക് പിന്നാലെ എഫ്എംജിഇ പരീക്ഷയുടെ സുതാര്യത സംബന്ധിച്ചും പരാതികൾ ഉയരുകയാണ്. വിദേശത്ത് മെഡിക്കൽ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനായി പാസാക്കേണ്ട പരീക്ഷയാണിത്. 2002 മുതലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പഠനം പൂർത്തിയാക്കി എത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്എംജിഇ പരീക്ഷ തുടങ്ങിയത്. പരീക്ഷ നടപടികൾ എല്ലാം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ രഹസ്യമാക്കുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. മുൻ പരീക്ഷകളുടെ ചോദ്യപേപ്പറോ ഉത്തരസൂചികയോ പ്രസിദ്ധീകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. 7080 രൂപയാണ് പരീക്ഷയ്ക്കായി അടിയ്ക്കേണ്ടത്. ഉയർന്നനിരക്കാണ് ഇതെന്നും ഇത് കുറയ്ക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉറപ്പാക്കാനാണ് പരീക്ഷ എന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പറയുന്നത്. പല രാജ്യങ്ങളിൽ നിന്ന് പഠനം  പൂർത്തിയാക്കി വിദ്യാർത്ഥികൾ എത്തുമ്പോൾ ഏകീകൃതമായ സമ്പ്രദായത്തിനാണ് ഇതെന്നും കമ്മീഷൻ വിശദീകരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe