നീറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലെന്ന് ഹർജിക്കാർ; എന്ത് തീരുമാനവും 23 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി

news image
Jul 8, 2024, 10:37 am GMT+0000 payyolionline.in
ദില്ലി : നീറ്റ് പരീക്ഷയിൽ സംഘടിതമായ തട്ടിപ്പാണ് നടന്നതെന്നും പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ചോർന്ന് ടെലഗ്രാമിൽ  പ്രചരിച്ചുവെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹർജിക്കാർ ഗുരുതര കൃത്യവിലോപം കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണ്. 67 പേർക്ക് ഒന്നാം റാങ്ക് എന്നത്  അസാധാരണ റാങ്ക് പട്ടികയാണ്. എൻടിഎ വിശദീകരണങ്ങൾ ഒന്നും വിശ്വസനീയമായിരുന്നില്ല.രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എൻടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഇതോടെ ചോദ്യപേപ്പർ  ചോർന്നുവെന്നത് വാസ്തമല്ലേയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. ഒരിടത്ത് ചോർന്നുവെന്നായിരുന്നു ഇതിന് കേന്ദ്രത്തിന്റെ മറുപടി.ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണെന്നും കേന്ദ്രം വിശദീകരിച്ചു. പരീക്ഷയുടെ ആകെ വിശ്വാസ്യത തകർന്നുവെന്ന വാദത്തിന് അടിസ്ഥാനമെന്തെന്ന് കോടതി ആരാഞ്ഞു. ഇതിന് മറുപടി നൽകിയ ഹർജിക്കാർ, ടെലഗ്രാം ആപ്പിലൂടെ ചോദ്യപ്പേപ്പർ പ്രചരിച്ചെന്ന് വ്യക്തമാക്കി.ഇതോടെ വിദേശ സെൻററിലേക്ക് ചോദ്യപേപ്പർ ഡിപ്ളോമാറ്റിക് ബാഗ് വഴിയാണോ അയച്ചതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.

പരീക്ഷയുടെ വിശ്വാസ്യത തകർന്നാൽ പുന പരീക്ഷ നടത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി എന്തു തീരുമാനം എടുത്താലും അത് 23 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. 24 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പുന പരീക്ഷ എന്നത് ദുഷ്ക്കരമാണ്. സോഷ്യൽ മീഡിയയിലൂടെ ചോദ്യപേപ്പർ ചോർന്നെങ്കിൽ അത് വ്യാപകമായി പ്രചരിച്ചിരിക്കും,   ഇനിയങ്ങനെയല്ല,പരീക്ഷയുടെ അന്ന് മാത്രമാണ് ഒരിടത്തെ വിദ്യാർത്ഥികൾക്ക് ഇത് കിട്ടിയതെങ്കിൽ വ്യാപക ചോർച്ച ആകാൻ ഇടയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ചോദ്യപേപ്പർ ചോർന്ന കൃത്യമായ സമയം കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe