നിർത്തിയിട്ട ട്രെയിനിലെ തീപിടിത്തം; ഒരു ബോഗി കത്തിനശിച്ചു: തീയിട്ടതെന്നു സംശയം

news image
Jun 1, 2023, 2:50 am GMT+0000 payyolionline.in

കണ്ണൂർ ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്.

ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റയിൽവേ ‘ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe