പാലക്കാട്∙: വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മൂന്നു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും കുട്ടികളുടെ മുത്തശ്ശിക്കും പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട് പൊൽപ്പുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37) മുത്തശ്ശി ഡെയ്സി (65), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തിയ സമയത്തായിരുന്നു സംഭവം. എൽസി കാർ സ്റ്റാർട്ട് ചെയ്തതോടെ തീ പടരുകയായിരുന്നു. എൽസിയും മൂത്ത കുട്ടിയും ആയിരുന്നു മുൻ സീറ്റിൽ. രണ്ട് കുട്ടികൾ പുറകിലെ സീറ്റിലും. തീപടർന്നതോടെ ഇവർ കാറിനകത്ത് കുടുങ്ങുകയായിരുന്നു. എൽസിക്കും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം.