ദില്ലി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിർണായക നിർദ്ദേശങ്ങൾ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം നാളെ ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.
ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. നാളെ രണ്ടുമണിക്ക് ഹർജികളിൽ വീണ്ടും വാദം കേൾക്കും. വഖഫ് ബില്ലിൽ ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിച്ചാണ് സുപ്രീംകോടതി നാളെയും വാദം കേൾക്കാം എന്ന് വ്യക്തമാക്കിയത്. ഹർജിക്കാരിൽ മൂന്ന് അഭിഭാഷകർക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് ഭൂമി ഡീനോട്ടിഫൈ ചെയ്യുമോ എന്നതാണ് പ്രധാന ആശങ്കയെന്നും സുപ്രീംകോടതി വിവരിച്ചു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലുണ്ടായ സംഘർഷത്തിലും ആശങ്ക രേഖപ്പെടുത്തി.