മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എ പി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. കോൺഗ്രസിൽ നിന്ന് വി.എസ്. ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. സിപിഎം ടി.കെ. ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.പി വി അൻവർ ഉപേക്ഷിച്ച നിലമ്പൂരിൽ ആരു മത്സരിച്ചാലും നിർണായക ഘടകം ആവുക അൻവർ തന്നെയാകും. അൻവറിന്‍റെ പിന്തുണ വി.എസ്. ജോയിക്കാണെന്ന് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് ആര്യൻ ഷൗകത്തിനെ ഇതേ വരെ തള്ളിയിട്ടില്ല. സ്ഥാനാർത്ഥിയുടെ പേരിൽ ഇടയാനും മടിക്കില്ല എന്ന അൻവറിന്‍റെ മുന്നറിയിപ്പ് അന്തരീക്ഷത്തിൽ ഉണ്ട്. എന്തായാലും കെ.സി. വേണുഗോപാലിന്‍റെ വിശ്വസ്തനായ എ.പി. അനിൽകുമാറിനെ കോൺഗ്രസ് ചുമതല ഏൽപ്പിച്ചത് ഹൈക്കമാന്‍റിന്‍റെ തീരുമാനം അന്തിമമെന്ന മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സിപിഎം നിലമ്പൂരിൽ ശക്തനായ ഒരു സ്ഥാനാർതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ടി കെ ഹംസയുടെ പേരടക്കം പരിഗണനയിലുണ്ട്. എങ്കിലും നേതാക്കൾക്ക് ആ പരീക്ഷണത്തിൽ താല്പര്യമില്ല. കോൺഗ്രസിൽ തർക്കമുണ്ടായാൽ ആര്യാടന്‍ ഷൗക്കത്തിനെ അടർത്തിയെടുക്കാമെന്ന് അവർ കരുതുന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ലെങ്കിൽ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു ഷറഫലിയെ പോലെ ഒരാളെ നിർത്താനാണ് ആലോചന. പാർട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ വിഎം ഷൗക്കത്ത്, പി ഷബീർ എന്നിവരുടെ പേരുകൾ ഉയർന്നു വരാനാണ് സാധ്യത. എന്തായാലും കോൺഗ്രസിന്‍റ് സ്ഥാനാർത്ഥിയെ തീരുമാനിച്ചശേഷം ആയിരിക്കും സിപിഎമ്മിന്‍റെ പ്രഖ്യാപനം.
ജമാഅത്തെ ഇസ്ലാമിക്ക് 3000 ലറെ വോട്ടുകളും എസ്ഡിപിഐക്ക് അയ്യായിരത്തിലറെ വോട്ടുകളും മണ്ഡലത്തിൽ ഉണ്ട്. ആര്യാടൻ ഷൗക്കത്തിനെതിരെ ഈ സംഘടനകൾ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. പി വി അൻവറിന്‍റെ തെരഞ്ഞെടുപ്പ് കാലത്തെ ഇടപെടലുകളും നിർണായകമാകും. അടുത്ത ആഴ്ചയോടെ നിലമ്പൂരിലെ ചിത്രം തെളിയും.