എടക്കര (മലപ്പുറം): നിലമ്പൂരിൽ പുള്ളിമാനിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നിലമ്പൂർ കെ.എൻ.ജി റോഡിൽ കരിമ്പുഴ കെ.ടി.ഡി.സി ഹോട്ടലിന് സമീപം തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.
പുളളിമാനിനെ തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പൂച്ചക്കുത്ത് വനമേഖലയിൽ പുള്ളിമാനിന്‍റെ വയർ ഭാഗം കടിച്ച് കീറിയ നിലയിലായിരുന്നു. ഏകദേശം മൂന്ന് വയസ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പൂച്ചക്കുത്ത് വനം ഔട്ട് പോസ്റ്റിലെ വനപാലകർ എത്തിയാണ് ജഡം എടുത്ത് മാറ്റിയത്. ഈ വനമേഖല തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്.