നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പെരുമാള്‍പുരത്തെ അടിപ്പാത തുറക്കുന്നില്ല; യാത്രക്കാര്‍ക്ക് ദുരിതം

news image
Feb 3, 2025, 12:37 pm GMT+0000 payyolionline.in

 

പയ്യോളി: ദേശീയപാത ആറ് വരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള പെരുമാള്‍പുരത്തെ അടിപ്പാതയാണ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറന്ന് നല്‍കാത്തത്. ഇതോടൊപ്പം നിര്‍മ്മിച്ച തിക്കോടി പഞ്ചായത്ത് ബസാര്‍, മൂരാട് ഓയില്‍മില്‍, അയനിക്കാട് പോസ്റ്റ്ഓഫീസ് എന്നിവടങ്ങളിലെ അടിപ്പാത വാഹനങ്ങള്‍ക്കായി തുറന്ന് നല്കിയിട്ടുമുണ്ട്.

അടിപ്പാത തുറന്നാല്‍ പോലും നിലവില്‍ പയ്യോളിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലൂടെ പോവുന്ന വാഹനങ്ങള്‍ തിരികെ പയ്യോളി എത്തണമെങ്കില്‍ ഇരുവശത്തേക്കും കൂടി മൂന്ന് കിലോമീറ്റര്‍ അധികം സഞ്ചരിക്കണം. അടിപ്പാത തുറക്കാത്ത സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ കൂടി അധികം  യാത്ര ചെയ്താലേ പയ്യോളിയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയാണിപ്പോള്‍.

മൂവായിരത്തോളം കുട്ടികളും ഇരുന്നൂറോളം അദ്ധ്യാപകരും ഉള്ള പയ്യോളി ഹൈസ്കൂളിന് ഏറെ പ്രയോജനപ്പെടുന്ന അടിപ്പാത പരീക്ഷാകാലമായിട്ട് പോലും തുറക്കാത്തതിന്റെ കാരണം വ്യക്തമല്ല. തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള രോഗികളും മൃഗാശുപത്രി, തൃക്കോട്ടൂര്‍ എയുപി സ്കൂള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ ഓട്ടോറിക്ഷക്ക് അധിക ചാര്‍ജ്ജ് നല്കി യാത്രചെയ്യേണ്ട സാഹചര്യമാണുള്ളത്. ആഴ്ചകള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടത്തി അടിപ്പാത തുറക്കാന്‍ ശ്രമിച്ചെങ്കിലും അടിപ്പാതയുടെ അകത്തെ ജോലി തീര്‍ന്നിട്ടില്ലെന്ന കാരണം പറഞ്ഞ് കരാര്‍ കമ്പനി ഇടപെട്ട് നീട്ടിവെപ്പിക്കുകയായിരുന്നു.

ദേശീയപാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പെരുമാള്‍പുരത്തെ അടിപ്പാത  തുറന്ന് കൊടുക്കാത്ത നിലയില്‍

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe