തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും നിരീക്ഷണ കാമറകളിൽപെടാതിരിക്കാൻ നമ്പർ പ്ലേറ്റ് രൂപമാറ്റംവരുത്തിയും ഇരുചക്ര വാഹനങ്ങളിൽ നഗരത്തില്‍ കറങ്ങുന്നവർക്കെതിരെ തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി. നമ്പർ പ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ചതും കാമറകളിൽപ്പെടാതിരിക്കാൻ നമ്പർ േപ്ലറ്റുകൾ ടെയിൽ ലാമ്പിന് അടിയിൽ ഘടിപ്പിച്ചതുമായ വാഹനങ്ങൾ, മഡ്ഗാർഡ്, ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപംമാറ്റം വരുത്തിയവ, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചവ തുടങ്ങിയ ഇരുചക്ര വാഹനങ്ങളാണ് സിറ്റി പൊലീസ്ണ്മീഷണർ തോംസണ്‍ ജോസിന്റെ നിർദേശപ്രകാരം രണ്ട് ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള 18 വാഹനങ്ങൾ പിടിച്ചെടുത്തു. ബൈക്കുകൾ ഓടിച്ചവർക്കെതിരെയും ഉടമകള്‍ക്കെതിരെയും നിയമനടപടി ആരംഭിച്ചെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ട്രാഫിക് എ.സി.പിമാർ അറിയിച്ചു. സിറ്റി പൊലീസ് കമീഷണർ തോംസണ്‍ ജോസ്, ഡി.സി.പിമാരായ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ടി. ഫറാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. ഇത്തരം വാഹനങ്ങളെകുറിച്ച പരാതികൾ ട്രാഫിക് പൊലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കാനുള്ള ‘ട്രാഫിക് ഐ’ വാട്സ് ആപ്പ് നമ്പരില്‍ (9497930055) അറിയിക്കാം.