‘നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം; ഒരു തരത്തിലുളള ഒത്തുതീർപ്പ് ചർച്ചയ്ക്കും തയാറല്ല’

news image
Aug 9, 2025, 3:50 pm GMT+0000 payyolionline.in

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്നാണ് ആവശ്യം. ഒരു തരത്തിലുളള ഒത്തുതീർപ്പ് ചർച്ചയ്ക്കും തയാറല്ല. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ നടപടിക്ക് പിന്നാലെ തുടര്‍ച്ചയായി പ്രതികരിച്ച് അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രതികരണങ്ങളെല്ലാം. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. ഇതിന്റെ പേരില്‍ കാന്തപുരം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. ഇതിനിടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തില്‍ ഏറെ ഉയര്‍ന്നുകേട്ട സാമുവല്‍ ജെറോമിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

നിമിഷപ്രിയക്കായി പിരിച്ചുനല്‍കിയ നാല്‍പതിനായിരത്തോളം ഡോളര്‍ സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. വധശിക്ഷ നീട്ടിയതുമായി ബന്ധപ്പെട്ടും കാന്തപുരത്തിന്റെ ഇടപെടലുമായി ബന്ധപ്പെട്ടും പ്രചരിച്ച വിഷയങ്ങള്‍ യെമനിലെ ചര്‍ച്ചകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞിരുന്നു.

 

അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ചൂണ്ടിക്കായുള്ള ഒരു പോസ്റ്റ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നെങ്കിലും അത് പിന്നീട് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്‍ എത്തുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe