നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു

news image
Jul 4, 2025, 4:28 pm GMT+0000 payyolionline.in

നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെ എച്ച് ആര്‍ ഡബ്ല്യു എസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു.

നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി.

പാലക്കാട് നാട്ടുകൽ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. 10 ദിവസം മുൻപാണ് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിനിക്ക് പനി ബാധിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനിയും ശ്വാസതടസവും കൂടിയതോടെ ചൊവ്വാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. നിപയുടെ ലക്ഷണങ്ങളുള്ളതിനാൽ കോഴിക്കോട് വൈറോളജി ലാബിലേക്ക് ശ്രവം പരിശോധനക്ക് അയച്ചു.

പ്രാഥമിക പരിശോധനയിൽ 38 കാരിയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. തുടർന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലവും പോസറ്റീവാണ്. നിപ സ്ഥിരീകരിച്ച യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe