നിപ: വയനാട്ടിലും ജാ​ഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി, നിരീക്ഷണം തുടരും

news image
Sep 14, 2023, 6:13 am GMT+0000 payyolionline.in

വയനാട്: കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ  പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാർ ആണെങ്കിൽ യാത്ര ഒഴിവാക്കണമെന്നും കളക്ടർ രേണുരാജ് അറിയിച്ചു.

അതേ സമയം, നിപ വൈറസ് ബാധയില്‍ കോഴിക്കോട് നിന്ന്  ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തിൽ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാർത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ്റെ നിലയിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരൻ്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാൽ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നത് ആശ്വാസകരമാണ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.

ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്. നിലവിൽ ആകെ 706 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരുമാണ് ഉള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളവരെയും ചേർത്താണ് 706 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തിൽ കഴിയുകയാണ്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പർക്കപ്പട്ടികയുടെ വിവരങ്ങൾ വൈകാതെ ലഭിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe