തിരുവനന്തപുരം : കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കള്ളപ്രചരണങ്ങളെ ചെറുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാൻ പല പ്രതിലോമ പ്രചരണങ്ങളും നടക്കാനിടയുണ്ടെന്നും അതിനാൽ നിപ വൈറസിനെ പറ്റിയും അതുവഴിയുണ്ടാകുന്ന രോഗബാധയെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും അതീവ ജാഗ്രതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്. അനാവശ്യ ഭീതി പടരുന്ന രീതിയിലോ തെറ്റായ വിവരങ്ങൾ നൽകുന്ന രീതിയിലോ ഉള്ള റിപ്പോർട്ടിങ് പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. രോഗബാധയെ പ്രതിരോധിക്കാനും ശാസ്ത്രീയമായ അറിവ് പ്രധാനമാണ്. കള്ളപ്രചരണങ്ങളിൽ വീണുപോകാതെ ജാഗ്രതയോടെ നമുക്ക് ഒരിക്കൽ കൂടി നിപ്പയെ ചെറുക്കാം – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നിപ വൈറസ് ബാധയെ പറ്റിയും അതിനെതിരെ സ്വീകരിക്കേണ്ട പ്രതിവിധികളെ പറ്റിയും വിശദീകരിക്കുന്ന വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചു.