മലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കടകൾക്ക് രാവിലെ 10 മുതൽ 7 വരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും നേരത്തെ തന്നെ കണ്ടെയ്മെന്‍റ് സോണാക്കിയിരുന്നു.
അതേസമയം മലപ്പുറത്തെ നിപ മരണത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മരിച്ച മലപ്പുറം സ്വദേശി ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണ വീട്ടിലെത്തിയ സഹപാഠികളെയെല്ലാം നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതിനിടെ മലപ്പുറത്തെ നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ പ്രത്യേക ഐസലോഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ മറ്റു പ്രതിസന്ധികൾ ഇല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന 24 കാരൻ കഴിഞ്ഞ മാസം 22 നാണ് നടുവത്തെ വീട്ടില്‍ വന്നത്. അഞ്ചാം തീയതിയോടെ പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റിയ യുവാവ് 9 -ാം തിയതിയാണ് മരണപ്പെട്ടത്. പരിസരത്തും ആശുപത്രികളിലുമായി യുവാവിന് വലിയ തോതില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങിലും നിരവധിപേര്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ സമ്പര്‍ക്കപട്ടിക നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ. യുവാവിന്‍റെ റൂട്ട് മാപ്പ് ഇന്ന് തന്നെ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുണ്ട്.