നിപ; കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല, കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവച്ചു

news image
Sep 14, 2023, 12:36 pm GMT+0000 payyolionline.in

കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർ‌ദ്ദേശങ്ങളിലുള്ളത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. അതേസമയം, കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും.  11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗം നടക്കും.

അതേസമയം, സംസ്ഥാനത്ത് നിപക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23)  അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe