നിപ: കണ്ടെയ്ൻമെന്റ് സോണായിരുന്ന മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

news image
Sep 26, 2023, 2:34 pm GMT+0000 payyolionline.in

കോഴിക്കോട്: നിപ വൈറസ് വ്യാപനം തടയാൻ കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. വടകര താലൂക്കിലെ കണ്ടെയ്മെന്റ് സോണിൽ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾ നേരത്തെ നീക്കിയിരുന്നു.

അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുമെന്നും ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണമെന്നും പറഞ്ഞ മന്ത്രി മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ന് പരിശോധനയ്ക്കയച്ച 5 പരിശോധനാ ഫലങ്ങള്‍ കൂടി ഇന്ന് നെഗറ്റീവായി. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞ 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഐസൊലേഷനിലുള്ളത് 875 പേരാണ്. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe