നിപാ മരണം; അഞ്ചുപേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക്

news image
Sep 16, 2024, 4:17 am GMT+0000 payyolionline.in

മലപ്പുറം: വണ്ടൂരിൽ നിപാ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയാണ്. 26 ൽ നിന്നും ഇപ്പോൾ 151 പേരാണ് പട്ടികയിലുള്ളത്. അഞ്ച് പേർക്ക് രോഗലക്ഷണമുണ്ടെന്ന സംശയത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുന്നു.

ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്കും ലഘുവായ ലക്ഷണങ്ങളാണുള്ളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവാലി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 24 കാരൻ മരിച്ചത്. യുവാവിന് നിപായെന്നാണ് പ്രാഥമിക പരിശോധന ഫലം ലഭിച്ചിരുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫലത്തിലും ഇത് സ്ഥിരീകരിച്ചു.

നിപാ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. തുടർന്ന് സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാത്രി തന്നെ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ശനിയാഴ്ച തന്നെ രൂപീകരിച്ചിരുന്നു. സമ്പർക്കത്തിലുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നു.

ആഗസ്റ്റ് 23നായിരുന്നു ബെംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബെംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരുക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം.

രണ്ട് മാസം മുൻപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപാ റിപ്പോർട്ട് ചെയ്തിരിക്കുന്ന യുവാവിന്റെ വീട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe