കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി.) കീഴിൽ ഭട്ട് റോഡിൽ പ്രവർത്തിക്കുന്ന തീരം ബ്ലിസ് പാർക്ക് ജീർണ്ണാവസ്ഥയിൽ. കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കാനും കളിക്കാനുമായി ഒരുക്കിയിരുന്ന സൗകര്യങ്ങളെല്ലാം പൂർണ്ണമായും ത തകർന്ന നിലയിലാണ്. 2021-ൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്.
ശക്തമായ കാറ്റിലും കടലാക്രമണത്തിലുംപ്പെട്ട് വിശ്രമകേന്ദ്രങ്ങളുടെ മേൽക്കൂരകൾ നശിക്കുകയും തൂണുകൾ തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഊഞ്ഞാലും സ്ലൈഡുകളും തകരാറിലായതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ പോലുമില്ലാതെ അപകടനിലയിൽ തുടരുന്ന പാർക്കിലെത്തുന്ന വിനോദസഞ്ചാരികളും കുടുംബങ്ങളും കടുത്ത നിരാശയിലാണ് മടങ്ങുന്നത്.
അതിനിടെ, പാർക്കിന്റെ നിർമ്മാണ തകരാറുകൾ പരിഹരിച്ച് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഒരു കോടി രൂപയിലധികം ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ഈ ഓഗസ്റ്റിൽ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് തീരം ബ്ലിസ് പാർക്ക് മാനേജർ നന്ദു വ്യക്തമാക്കി.
